സാമൂഹ്യ-സാംസ്കാരിക ചരിത്രം കോടമഞ്ഞു പുതച്ചുനില്‍ക്കുന്ന മലനിരകള്‍, അവയ്ക്കിടയില്‍ പരന്നുകിടക്കുന്ന താഴ്വരകള്‍, ഇടതൂര്‍ന്ന് വളര്‍ന്നുനില്‍ക്കുന്ന വൈവിധ്യമാര്‍ന്ന സസ്യജാലങ്ങള്‍, ഏലത്തിന്റെ സുഗന്ധമൊഴുകുന്ന തണുത്ത കാറ്റ്; കട്ടപ്പന എന്ന പ്രകൃതിമനോഹരമായ ഭൂപ്രദേശത്തെ പറ്റി പറയുമ്പോള്‍ ആരുടേയും മനസ്സില്‍ തെളിയുന്ന ആദ്യ ചിത്രമാണിത്. ഈ നാടിന്റെ ഗതകാലചരിത്രം, ഇവിടെ നൂറ്റാണ്ടുകള്‍ക്കു മുന്‍പു മുതലേ നിലനിന്നിരുന്ന ഗോത്രസമൂഹത്തിന്റെ ചരിത്രത്തില്‍ നിന്നാരംഭിക്കുന്നു. “മന്നാന്‍ കൂത്ത്” എന്ന അനുഷ്ഠാനകലാരൂപം അതിന്റെ എല്ലാ തനിമയോടും കൂടി ഇന്നും ആചരിച്ചുവരുന്ന “മന്നാന്‍” എന്നറിയപ്പെടുന്ന പ്രബല ഗോത്രസമൂഹത്തിന്റെ നാടാണിത്. രാജാവും രാജ്യവും മന്ത്രിമാരും പ്രജകളുമെല്ലാം ഇപ്പോഴും നിലനില്‍ക്കുന്ന മന്നാന്‍ ഗോത്രസമൂഹത്തിന്റെ ആസ്ഥാനമാണ് കോവില്‍ മല. ഭാരതത്തില്‍ തന്നെ രാജാധികാരം നിലനില്‍ക്കുന്ന ആകെയുള്ള രണ്ടു ഗോത്രസമൂഹങ്ങളില്‍ ഒന്നാണിത്. പുരാതന സംസ്കൃതിയുടെ ഭാഗമായ ക്ഷേത്രാവശിഷ്ടങ്ങള്‍ കുടികൊള്ളുന്ന അയ്യപ്പന്‍കോവില്‍ ആണ് ഈ നാടിന്റെ പൌരാണികചരിത്രത്തിലേക്ക് വിരല്‍ ചൂണ്ടുന്ന മറ്റൊരു അടയാളം.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിനു ശേഷമാണ് ഈ പ്രദേശത്തേക്ക് ആധുനികജനതയുടെ കുടിയേറ്റം ആരംഭിക്കുന്നത്. നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തിയ സംഭവ പരമ്പരകള്‍ അധികമൊന്നും ഈ പ്രദേശവുമായി ബന്ധപ്പെടുത്തി പറയാനില്ലായെങ്കിലും, കുടിയൊഴിപ്പിക്കലിനെതിരെ വമ്പിച്ച സമരപരമ്പരകള്‍ ഈ മണ്ണില്‍ അരങ്ങേറിയിട്ടുണ്ട്. പദ്ധതികള്‍ നടപ്പിലാക്കുന്നതിനുവേണ്ടി കുടിയൊഴുപ്പിക്കുമ്പോള്‍ പട്ടയമില്ലാത്തവരാണെങ്കിലും പകരം ഭൂമിയും പുനരധിവാസ സഹായങ്ങളും നല്‍കിയിട്ടു മാത്രമേ കുടിയൊഴുപ്പിക്കാവൂ എന്ന സാമൂഹ്യനീതി നടപ്പാക്കുന്നതില്‍ പ്രസ്തുത സമരങ്ങള്‍ ചെലുത്തിയ സ്വാധീനം നിര്‍ണ്ണായകമായി പങ്കുവഹിച്ചു. അയ്യപ്പന്‍കോവില്‍ കുടിയിറക്കുസമരവും, കൂലിക്കും നീതിക്കും വേണ്ടി നടത്തിയ ഒട്ടേറെ തോട്ടംതൊഴിലാളിസമരങ്ങളും ഇതില്‍ ഉള്‍പ്പെടും. കുടിയേറ്റ പ്രദേശമായ ഹൈറേഞ്ചിന്റെ കുടിയേറ്റ കവാടമായിരുന്നു ഈ ബ്ളോക്കിലുള്‍പ്പെടുന്ന ഉപ്പുതറ ഗ്രാമം. 1930-കളിലാണ് ഇവിടെ കുടിയേറ്റം ആരംഭിച്ചത്. കുടിയേറ്റത്തിന്റെ ആദ്യനാളുകളില്‍ പ്രതികൂല കാലാവസ്ഥ കൊണ്ടും മലമ്പനി തുടങ്ങിയ മാരകരോഗങ്ങളാലും നൂറു കണക്കിനു കര്‍ഷകര്‍ ഇവിടെ മരിച്ചുവീണിട്ടുണ്ട്. ഉപ്പുതറ താന്നിമൂട് ആയിരുന്നു അക്കാലത്ത് ഇവിടുത്തെ പ്രധാന കമ്പോളം. 1950-കളിലെ “ഗ്രോ മോര്‍ ഫുഡ്” പദ്ധതി അനുസരിച്ചാണ് ഇവിടേക്ക് കര്‍ഷകര്‍ കുടിയേറ്റം നടത്തിയത്. ഇതേ കാലഘട്ടത്തില്‍ തന്നെ ബ്ളോക്കിലിന്നുള്‍പ്പെടുന്ന ഇരട്ടയാര്‍, വണ്ടന്‍മേട്, ചക്കുപള്ളം തുടങ്ങിയ പ്രദേശങ്ങളിലും സമാനമായ കുടിയേറ്റം നടന്നിരുന്നു.
ജനങ്ങള്‍ ഭൂരിപക്ഷവും കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവരാകയാല്‍ പ്രതിശീര്‍ഷ വരുമാനം വളരെ കുറവും അതുകൊണ്ട് തന്നെ ജീവിത നിലവാരം പൊതുവേ താഴ്ന്നതുമാണ്. ഏകാധ്യാപിക വിദ്യാലയത്തെ അനുസ്മരിപ്പിക്കുന്ന ആദ്യകാല വിദ്യാലയങ്ങളില്‍ നിന്നും ഈ മലയോരഗ്രാമങ്ങള്‍ ബഹുദൂരം മുന്‍പോട്ടു പോയിരിക്കുന്നു. ബ്ളോക്കുപഞ്ചായത്തില്‍ എല്‍.പി, യു.പി, ഹൈസ്കൂള്‍, ഐ.റ്റി.ഐ, കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, സാങ്കേതിക ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങി ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കുരുമുളക്, ഏലം, തേയില, കൊക്കോ എന്നിവയുടെ സംസ്കരണവും വിപണനവുമാണ് ഇവിടുത്തെ പ്രധാന വാണിജ്യം. കട്ടപ്പന-കുട്ടിക്കാനം റോഡ്, കട്ടപ്പന-ഇരട്ടയാര്‍-ഈട്ടിത്തോപ്പ് റോഡ്, കട്ടപ്പന-ഉപ്പുതറ റോഡ്, ഉപ്പുതറ-വാളക്കോട് റോഡ് എന്നിവയാണ് ഈ ബ്ളോക്കിലൂടെ കടന്നുപോകുന്ന പ്രധാന ഗതാഗതപാതകള്‍.
(1995 - 2000)
( 2000 - 2003 )
( 2003 - 2005 )
( 2005 - 2010 )
( 2010 - 2015 )
( 2015 - 2019 )
( 2019 - 2010 )
(2021 - 2022 )
2022 - Present